ഒട്ടാവ∙ ഇന്ത്യ–കാനഡ ബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി കനേഡിയൻ പ്രധാനമന്തി മാർക്ക് കാർണി. ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്തു ദുർബലമായ ബന്ധം ശക്തിപ്പെടുത്താനാണ് കാർണി ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള വാണിജ്യബന്ധം വൈവിധ്യവൽക്കരിക്കാനും കാനഡ സെൻട്രൽ ബാങ്ക് മുൻ ഗവർണർ കൂടിയായ കനേഡിയൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ട്.

സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി വ്യാപാരം വൈവിധ്യവൽക്കരിക്കാനാണ് കാനഡ ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അവസരങ്ങളുണ്ടെന്നു പ്രധാമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് നടന്ന ഒരു സംവാദത്തിൽ കാർണി പറഞ്ഞിരുന്നു. കാനഡയ്ക്ക് ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചു കാർണിക്ക് അറിയാം എന്നത് ഇന്ത്യയ്ക്കു ഗുണകരമാകുമെന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്തിയിട്ടുള്ള ബ്രൂക് ഫീൽഡ് അസറ്റ് മാനേജ്മെന്റിന്റെ തലപ്പത്തിരുന്നിട്ടുള്ള ആളാണ് കാർണി എന്നതും ഇന്ത്യയുടെ പ്രതീക്ഷ ഉയർത്തുന്നു. 

യുഎസിന്റെ പകരച്ചുങ്കം ഭീഷണി ഇരു രാജ്യങ്ങളെയും മോശമായി ബാധിക്കുന്ന സാഹചര്യത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കാനഡയുടെ ഏതു ശ്രമത്തെയും ഇന്ത്യ സ്വാഗതം ചെയ്യാനാണു സാധ്യത. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കുടിയേറാൻ ശ്രമിക്കുന്ന രാജ്യങ്ങളിലൊന്നായി കാനഡ മാറിയ സാഹചര്യത്തിൽ, കുടിയേറ്റ നിയന്ത്രണം, വീസ മാനദണ്ഡങ്ങൾ കടുപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിലെ ആശങ്ക പുതിയ നേതൃത്വത്തെ അറിയിക്കാനും സാധ്യതയുണ്ട്. 

2023 സെപ്റ്റംബറിലാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് പ്രശനങ്ങൾക്കു കാരണം. ട്രൂഡോയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ഇന്ത്യ വ്യക്തമാക്കി. തുടർന്നുണ്ടായ സംഘർഷങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലും ഉന്നത നയതന്ത്രജ്ഞരെ പുറത്താക്കുന്നതിലും കൊണ്ടെത്തിക്കുകയായിരുന്നു. 


പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….




Keep exploring EU Venture Capital:  RMG exporters struggle as rise in 'open costing' by buyers cuts profits